ചരിത്രദിവസം’; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സ്ഥാനമേൽക്കും. ഇന്ന് രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുർമുവിനെ തേടിയെത്തും.
ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാർലമെൻറിൽ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാർലമെൻറിൻറെ ഇരുസഭകളും ഇന്ന് രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാർലമെൻറിന് ചുറ്റുമുള്ള 30 ഓഫീസുകൾക്ക് ഉച്ചവരെ അവധി നൽകി. തിരികെ രാഷ്ട്രപതി ഭവൻ വരെ എത്തിയ ശേഷമായിരിക്കും രാംനാഥ് കോവിന്ദ് പുതിയ ഔദ്യോഗിക വസതിയിലേക്ക് മാറുക. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആഘോഷങ്ങൾ തുടരുകയാണ്. ഡൽഹിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്.