Tuesday, April 15, 2025
World

ദ്രൗപതി മുര്‍മുവിന് അഭിനന്ദന പ്രവാഹം; ആശംസകള്‍ നേര്‍ന്ന് വ്‌ലാദിമിര്‍ പുടിനും

ഗോത്രവിഭാഗത്തില്‍ നിന്നും ആദ്യമായി ഇന്ത്യന്‍ രാഷ്ട്രപതി പദത്തിലേക്കെത്തുന്ന ദ്രൗപതി മുര്‍മുവിന് അന്താരാഷ്ട്ര തലത്തിലും അഭിനന്ദന പ്രവാഹം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അടക്കമുള്ളവര്‍ ദ്രൗപതി മുര്‍മുവിന് അഭിനന്ദനവുമായി രംഗത്തെത്തി. ദ്രൗപതി മുര്‍മുവിന് ആശംസ നേരുന്നതിനൊപ്പം ഇന്ത്യ- റഷ്യ രാഷ്ട്രീയ സംവാദത്തിനും സഹകരണത്തിനും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ സവിശേഷ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പുടിന്‍ ദ്രൗപതി മുര്‍മുവിന് ആശംസ നേര്‍ന്നത്. പരസ്പര സഹകരണത്തിലൂടെ ഇന്ത്യയ്ക്കും റഷ്യയ്ക്കും നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന്‍ പറഞ്ഞു. അതിനാല്‍ അന്താരാഷ്ട്ര സുസ്ഥിരതയുടേയും സുരക്ഷയുടേയും താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ പ്രസിഡന്റ് റഷ്യയുമായി കൂടുതല്‍ സഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായും പുടിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അല്‍പ സമയത്തിനുള്ളില്‍ സ്ഥാനമേല്‍ക്കുന്നത് കാത്തിരിക്കുകയാണ് രാജ്യം. രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്‌സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുര്‍മുവിനെ തേടിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *