കൂട്ടബലാത്സംഗക്കേസിൽ ഒത്തുതീർപ്പിന് പൊലീസ് സമ്മർദ്ദം; യുപിയിൽ പതിനഞ്ചുകാരി ജീവനൊടുക്കി
ഉത്തർപ്രദേശിലെ സംഭാലിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി പൊലീസിന്റെ അനാസ്ഥ മൂലം ആത്മഹത്യ ചെയ്തു. കേസിൽ ഒത്തുതീർപ്പിന് പൊലീസ് സമ്മർദ്ദം ചെലുത്തിയതോടെയാണ് അതിജീവിതയായ പതിനഞ്ചുകാരി ജീവനൊടുക്കിയത്. പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ജൂലൈ 15 ന് പെൺകുട്ടിയെ പ്രദേശവാസികളായ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷം മാത്രമാണ് പെൺകുട്ടി സംഭവം അമ്മയോട് പോലും പറയാൻ തയാറായത്. തുടർന്ന് ഓഗസ്റ്റ് 15ന് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ പൊലീസ് ഒത്തുതീർപ്പിന് സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതിൽ മനംനൊന്താണ് പതിനഞ്ചുകാരി ജീവനൊടുക്കിയത്.
പ്രതികളിൽ ഒരാൾ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കീഴ്‌പ്പെടുത്തുകയും ബന്ദിയാക്കി സമീപത്തുള്ള കാട്ടിൽ എത്തിച്ച്, മറ്റു മൂന്നു പേർക്കൊപ്പം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പരാതിയിൽ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്നും കുറ്റവാളികൾക്കൊപ്പം നിലയുറപ്പിക്കുകയാണ് ചെയ്‌തതെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് സഹായം തേടിയെങ്കിലും ആരും സഹായിക്കാൻ തയാറായില്ലെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു. സംഭവം വിവാദമായതോടെ പ്രതികളുടെ കുടുംബാംഗങ്ങൾക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.