മണിപ്പൂർ കലാപം: റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിക്കും, സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ
ഗോത്രവർഗ പ്രക്ഷോഭത്തെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായി ഷാ സംസാരിച്ചു. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളിൽ കേന്ദ്രം റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിക്കും. കലാപം പോലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സേനയാണ് RAF.
കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂർ മുഖ്യമന്ത്രിയുമായി സംസാരിച്ചു, സ്ഥിതിഗതികളും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ചോദിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കരസേനയുടെയും അസം റൈഫിൾസിന്റെയും സൈനികരെ ഇതിനകം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 4,000 പേരെ സുരക്ഷാ സേന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സൈനിക വക്താവ് അറിയിച്ചു.
ഇംഫാൽ താഴ്‌വരയിലെ പ്രബലരായ ഗോത്രവർഗേതര മെയ്തേയ് സമുദായത്തിന് പട്ടികവർഗ (എസ്‌ടി) പദവി ആവശ്യപ്പെട്ട് ചുരാചന്ദ്പൂർ ജില്ലയിലെ ടോർബാംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ മണിപ്പൂർ ആഹ്വാനം ചെയ്ത ‘ആദിവാസി ഐക്യദാർഢ്യ മാർച്ചിൽ’ ബുധനാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടുകയായിരുന്നു. ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിലാണ് സംഘർഷം ഉടലെടുത്തത്.