വിവാഹത്തിനു വിസമ്മതിച്ച കാമുകിയുടെ കുഞ്ഞിനെ ബക്കറ്റിലെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു; യുവാവ് അറസ്റ്റിൽ
വിവാഹത്തിനു വിസമ്മതിച്ച കാമുകിയുടെ കുഞ്ഞിനെ യുവാവ് ബക്കറ്റിലെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു. പൂനെയിൽ ഈ മാസം ആറിനാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ദിവസങ്ങൾക്കു ശേഷം ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
15 മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് യുവാവ് വെള്ളത്തിൽ മുക്കിക്കൊന്നത്. വിവാഹിതയായ യുവതിയുമായി യുവാവ് പ്രണയബന്ധത്തിലായിരുന്നു. എന്നാൽ, വിവാഹം കഴിക്കാൻ യുവതി സമ്മതിച്ചിരുന്നില്ല. ഇതേതുടർന്ന് കാമുകി വീട്ടിൽ ഇല്ലാതിരുന്ന ദിവസം ഇയാൾ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കി കൊലപ്പെടുത്തി. കുട്ടി അബദ്ധത്തിൽ തിളച്ച വെള്ളത്തിൽ വീണതാണെന്ന് യുവാവ് ആദ്യം പറഞ്ഞെങ്കിലും കൃത്യം കണ്ട കാമുകിയുടെ സഹോദരി നടന്ന സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. തന്നെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് വിവരം പുറത്തുപറയാതിരുന്നതെന്നും യുവതിയുടെ സഹോദരി പറഞ്ഞു. ചികിത്സയിലിരിക്കെ 12-ാമത്തെ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കുട്ടി മരിക്കുകയായിരുന്നു. കുട്ടി മരിച്ച് രണ്ടുദിവസത്തിന് ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.