‘ബിജെപിക്ക് മുസ്ലിങ്ങളുടെ ഒരു വോട്ടും വേണ്ട’; പ്രസ്താവനയുമായി കെഎസ് ഈശ്വരപ്പ
തങ്ങൾക്ക് മുസ്ലിങ്ങളുടെ ഒരു വോട്ടും വേണ്ട എന്ന് ബിജെപി നേതാവും കർണാടക മുൻ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് മുസ്ലിങ്ങളുടെ വോട്ട് വേണ്ടെങ്കിലും ദേശീയ മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ഈശ്വരപ്പ പറഞ്ഞു.
“ഞങ്ങൾക്ക് മുസ്ലിങ്ങളുടെ ഒരു വോട്ട് പോലും വേണ്ട. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മുസ്ലിങ്ങൾക്ക് പ്രശ്നമുണ്ടായപ്പോൾ ഞങ്ങൾ സഹായിച്ചിട്ടുണ്ട്. അത്തരം മുസ്ലിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യും.”- കഴിഞ്ഞ ദിവസം നടന്ന വീരശൈവ – ലിംഗായത്ത് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം.
രാജ്യം വിഭജിക്കുന്നത് പ്രതിപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. “ഹിന്ദുക്കളെ തരം താണ ആളുകളാക്കാനും മുസ്ലിങ്ങളെ ഉത്തമരാക്കാനും ഞങ്ങൾ അനുവദിക്കില്ല. ദേശീയ മുസ്ലിങ്ങൾ തീർച്ചയായും ഞങ്ങൾക്ക് വോട്ട് ചെയ്യും. കോൺഗ്രസ് എന്ന പേരിൽ സ്വയം തിരിച്ചറിയുന്ന ദേശവിരുദ്ധർ അത് തുടരട്ടെ. ഹിന്ദുക്കളെ ജാതിയുടെ പേരിൽ വിഭജിക്കുന്നതിൽ എല്ലാവരും പരാജയപ്പെട്ടു.”- അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.