‘കല്യാണം കഴിക്കണമെങ്കിൽ ഭാര്യയെയും മകനെയും ഒഴിവാക്കണം’; കാമുകിയുടെ ആവശ്യപ്രകാരം മകനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
കാമുകിയുടെ ആവശ്യപ്രകാരം മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മുംബൈ ധാരാവിയിലാണ് സംഭവം. മകനെ കൊലപ്പെടുത്തിയ റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരിയെ (30) ഷാഹു നഗർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രേരണാ കുറ്റത്തിന് മുകി അജമതുൻ അൻസാരിയെയും (21) പൊലീസ് പിടികൂടി.
മൂന്ന് വർഷമായി ഇവർ പ്രണയത്തിലാണ്. ഇതിനിടെ അജമതുൻ അൻസാരിയുടെ വിവാഹം ബന്ധുക്കൾ മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ, തന്നെ വിവാഹം കഴിക്കണമെങ്കിൽ ഭാര്യയെയും മകനെയും രണ്ട് ദിവസത്തിനുള്ളിൽ ഒഴിവാക്കണമെന്ന് കാമുകി റഹ്മത്ത് അലിയോട് പറഞ്ഞു. തുടർന്നാണ് യുവാവ് മകനെ കൊലപ്പെടുത്തിയത്. ചീസ് ബോൾ വാങ്ങനെന്ന വ്യാജേന റഹ്മത്ത് മകനെ മാഹിമിലെ ഹയാത്ത് കോമ്പൗണ്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തുന്നതിനിടെ ഇയാൾ കാമുകിയുമായി ഫോണിൽ സംസാരിച്ചു എന്ന് പൊലീസ് പറയുന്നു.
മകനെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് റഹ്മത്ത് അലി സമീപത്തെ കണ്ടൽക്കാടുകളിൽ തള്ളി. പൊലീസ് മൃതദേഹം കണ്ടെത്തി.