Saturday, October 19, 2024
National

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; ജാമിയ മിലിയയില്‍ പ്രതിഷേധം ശക്തം; ക്യാമ്പസ് അടച്ചു

ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്നു. സര്‍വകലാശാലയിലെ ഡോക്യുമെന്ററി പ്രദര്‍ശനം മാറ്റിവച്ചെന്ന് എസ്എഫ്‌ഐ അറിയിച്ചു. സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജാമിയ ക്യാമ്പസ് പരിസരത്ത് നിന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മാറ്റി.

സര്‍വകലാശാലയിലെ മുഴുവന്‍ ഗേറ്റുകളും പൂട്ടി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് പരാതി. സര്‍വകലാശാലയിലെ വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. പ്രധാന ഗേറ്റ്, ലൈബ്രറി, ക്യാന്റീന്‍ എന്നിവ അടച്ചു. ഗേറ്റിലോ ക്യാമ്പസിലോ സംഘം ചേരാന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയെന്നും അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ജാമിയ മിലിയയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്എഫ്ഐ ക്യാമ്പസില്‍ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചതോടൊണ് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേരുന്നതുള്‍പ്പെടെ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ജെഎന്‍യുവിലും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും സമാന സാഹചര്യമായിരുന്നു.

‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം വിവിധിയിടങ്ങളില്‍ നടത്തുമെന്ന് രാഷ്ട്രീയ, വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രം ബിബിസി ഡോക്യുമെന്ററി നിരോധിക്കുകയും ലിങ്കുകളും വിഡിയോയുടെ ഭാഗങ്ങളും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനും യൂട്യൂബിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

Leave a Reply

Your email address will not be published.