മോർബി ദുരന്തം; മരിച്ചവർക്കും പരുക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈക്കോടതി
ഗുജറാത്തിലെ മോർബി തൂക്കുപാലം അപകടത്തിൽ മരിച്ചവർക്കും പരുക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈക്കോടതി. യാഥാർഥ്യമറിഞ്ഞുള്ള നഷ്ടപരിഹാരം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. സത്യവാങ്മൂലം സമർപ്പിക്കാനും ഗുജറാത്ത് സർക്കാരിന് കോടതി നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും സർവേ നടത്തണം. പാലങ്ങളുടെ അവസ്ഥയും കണക്കും കോടതിക്ക് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അതേസമയം 130ൽ അധികം പേരുടെ മരണത്തിൽ കലാശിച്ച ഗുജറാത്തിലെ മോർബി പാലം ദുരന്തത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഒട്ടേറെ പിഴവുകളാണ്. ഒക്ടോബർ 30ന് അപകടം നടന്ന ദിവസം ആകെ 3,165 ടിക്കറ്റുകൾ വിറ്റഴിക്കാനായി പുറത്തിറക്കിയെന്ന് ഫൊറൻസിക് അന്വേഷണ റിപ്പോർട്ട് കൈമാറവെ ജില്ലാ കോടതിയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞു. അത്രയും ടിക്കറ്റുകൾ വിറ്റുപോയിട്ടില്ലെങ്കിലും തൂക്കുപാലത്തിനു വഹിക്കാവുന്ന തൂക്കത്തിന്റെ പരിധി ഒരു നൂറ്റാണ്ട് മുൻപേ തീരുമാനിച്ചിരുന്നതാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
നവീകരണത്തിനുശേഷം പാലം തുറന്നുകൊടുത്തതിന് നാലു ദിവസങ്ങൾക്കുശേഷമാണ് മച്ചു നദിക്കു കുറുകെയുള്ള നടപ്പുപാലം തകർന്നുവീണത്. 8–12 മാസം വരെ അടച്ചിടാൻ കരാറുണ്ടായിരുന്ന പാലം നവീകരണത്തിന് ഏഴു മാസങ്ങൾക്കുശേഷം ഒക്ടോബർ 26ന് തുറന്നുകൊടുക്കുകയായിരുന്നു.