Monday, April 14, 2025
Kerala

ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ അഭിമാനമായി കേരളം

ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ആന്റി ബയോഗ്രാം റിപ്പോര്‍ട്ട് അടുത്തിടെ പുറത്തിറക്കിയിരുന്നു. മാത്രമല്ല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകളിലും ജില്ലാതല ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികള്‍ യോഗം ചേരുകയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സംസ്ഥാനത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും അതിലൂടെ കര്‍മ്മപദ്ധതി ആവിഷ്‌ക്കരിച്ച് ഇത് കുറയ്ക്കാനും ആന്റി ബയോഗ്രാം റിപ്പോര്‍ട്ടിലൂടെ സാധിക്കുന്നു. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോര്‍ട്ടില്‍ നിന്നും ആന്റിബയോട്ടിക് പ്രതിരോധ തോത് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടിവരുന്നതായാണ് വ്യക്തമാകുന്നത്. ഇതിനെത്തുടര്‍ന്ന് ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതപ്പെടുത്തി.

എല്ലാ വര്‍ഷവും നവംബര്‍ 18 മുതല്‍ 24വരെ ലോക ആന്റിബയോട്ടിക് അവബോധ വാരാചരണമായി ആചരിച്ചുവരുന്നു. ആന്റിബയോട്ടിക്കിനെപ്പറ്റിയുള്ള അവബോധം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒരുമിച്ച് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിനെ തടയാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. വണ്‍ ഹെല്‍ത്തില്‍ ഊന്നി ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ സഹകരിച്ചാണ് അവബോധ പരിപാടികള്‍ സംഘടിപ്പിച്ചത്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ എല്ലാ ജില്ലകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജുകള്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ആന്റി ബയോട്ടിക് സാക്ഷരത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനം പ്രാധാന്യം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *