കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണം; എത്ര തുകയെന്നത് ആറാഴ്ചക്കുള്ളിൽ അറിയിക്കണം: സുപ്രീം കോടതി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീം കോടതി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി ദേശീയ ദുരന്തനിവാരണ നിയമത്തിലെ 12ാം വകുപ്പ് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
എത്ര തുക വീതം നൽകണമെന്നതിന് മാനദണ്ഡം തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആറാഴ്ചക്കുള്ളിൽ എത്ര തുക എന്നതും ഇതിനുള്ള മാർഗരേഖയും തയ്യാറാക്കണം. നഷ്ടപരിഹാരം നൽകുന്നതിനെ കേന്ദ്രം എതിർത്തിരുന്നു. എന്നാൽ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.
നാല് ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. നഷ്ടപരിഹാരം നിയമപ്രകാരം നൽകിയാൽ വലിയ സാമ്പത്തിക ബാധ്യത വരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.