4 വയസുകാരനെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നു; പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ
ഉത്തർപ്രദേശിൽ നാലുവയസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. കുട്ടിയെ പിതാവിന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു. പിതാവിനോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഗ്രയിലെ എത്മദ്ദൗള പ്രദേശത്തെ ശംഭു നഗറിൽ ഇന്നലെ രാത്രിയാണ് നാലുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബബ്ലുവിന്റെ മകൻ ഗോൾഡി എന്ന ബിട്ടുവിനെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ തുടങ്ങി. ബബ്ലുവിനൊപ്പം ജോലി ചെയ്തിരുന്ന പ്രതി ബണ്ടിയും ഇതേ സമയം വീട്ടിലെത്തി.
കൊലപാതകത്തിന് ശേഷം ഒന്നും അറിയാത്ത മട്ടിലാണ് പ്രതി വീട്ടിൽ എത്തിയത്. കുട്ടിയെ കണ്ടെത്താൻ നാല് മണിക്കൂറോളം ഇയാൾ കുടുംബത്തോടൊപ്പം തെരച്ചിൽ നടത്തി. കുട്ടി കാളിന്ദി വിഹാറിലെ പേട്ട നഗരിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതായി പ്രതി വീട്ടുകാരോട് പറഞ്ഞു. വിവരമനുസരിച്ച് വീട്ടുകാർ സ്ഥലത്തെത്തി. വൈകാതെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ രക്തം പുരണ്ടിരുന്നു, നെഞ്ചിൽ വെടിയുണ്ടയുടെ പാടുകളും സമീപത്ത് ഒരു പിസ്റ്റളും ഉണ്ടായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ബണ്ടിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം സമ്മതിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്ക് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഇൻസ്പെക്ടർ എത്മദ്ദൗല വിനോദ് കുമാർ പറഞ്ഞു.