നിവാറിന് പിന്നാലെ അടുത്ത ന്യൂനമർദം രൂപപ്പെടുന്നു; തമിഴ്‌നാട്ടിൽ വീണ്ടും ജാഗ്രതാ നിർദേശം
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതായി റിപ്പോർട്ട്. അടുത്ത ആഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ ഒരാഴ്ചത്തെ ഇടവേളയിൽ രണ്ടാമത്തെ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നത്.
നിവാർ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞതിന് പിന്നാലെയാണ് പുതിയ ന്യൂനമർദം രൂപപ്പെടുന്നത്. നിവാറിന്റെ അതേ ദിശയിൽ തന്നെയാകും പുതിയ ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ സഞ്ചരിക്കുകയെന്നാണ് മുന്നറിയിപ്പ്. ഇതോടെ തമിഴ്‌നാട്ടിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
ദക്ഷിണേന്ത്യയിലെ തീരപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. കാഞ്ചിപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആന്ധ്രയിൽ ചിറ്റൂർ, കടപ്പ, നെല്ലൂർ ജില്ലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ചെന്നൈയിലെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് ഇപ്പോഴും രൂക്ഷമാണ്.