മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കിനടത്തിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് കേസില്‍ ആദ്യ അറസ്റ്റ് നടന്നത്. മുഖ്യപ്രതി ഹെറാദാസ് (32) തൗബല്‍ ആണ് ആദ്യം അറസ്റ്റിലായത്.
സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മണിപ്പൂര്‍ സര്‍ക്കാരിന് നോട്ടീസയച്ചു.കുകി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൊയ്തേയ് യുവതി എന്ന പേരില്‍ ഒരു വ്യാജ ചിത്രം പ്രചരിച്ചതാണ് രാജ്യത്തെ ലജ്ജിപ്പിച്ച സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പ്രതികാരം ചെയ്യാനെന്ന പേരിലാണ് അക്രമികള്‍ കുകി വിഭാഗത്തിലെ യുവതികളെ നഗ്‌നരാക്കി നടത്തിയത്.