ഗ്യാന്‍വാപി: സര്‍വെ നിര്‍ത്തി വയ്ക്കാന്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ്; വാരണസി കോടതി ഉത്തരവിന് സ്‌റ്റേ
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. വാരണസി കോടതിയുടെ സര്‍വേ ഉത്തരവ് സ്‌റ്റേ ചെയ്താണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദില്‍ രണ്ട് ദിവസത്തേക്ക് തത്സ്ഥിതി തുടരണമെന്നും ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ പാടില്ലെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ക്കാലം ഖനന നടപടികള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു വാരണാസി കോടതിയില്‍ ഹര്‍ജി എത്തിയിരുന്നത്. വുദുഖാനയുടെ ജലധാരയുള്ള സ്ഥലത്ത് ഒഴികെ സര്‍വേ നടത്താനായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചിരുന്നത്.
ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സമയത്ത് വാരാണസി ജില്ലാ കോടതി ഉത്തരവിന് എതിരെ മസ്ജിദ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം. അലഹബാദ് ഹൈക്കോടതിയില്‍ ആണ് അപ്പീല്‍ നല്‍കേണ്ടത്. ഈ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയ്ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.