Sunday, January 5, 2025
National

ഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗത്തില്‍ പൂജ നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയിൽ കോടതി വാദം കേൾക്കും

വാരണസി : ഗ്യാന്‍വാപി മസ്ജിദിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തില്‍ പൂജ നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വാരാണസി കോടതി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് മസ്ജിദ് പരിപാലന സമിതി നല്‍കിയ അപേക്ഷ കോടതി നിരസിച്ചു. ഹര്‍ജിയില്‍ വാരാണസി ജില്ലാ കോടതി വാദം കേള്‍ക്കും.

അതേസമയം ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ തുടരാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മസ്ജിദിലെ കുളത്തിൽ ശിവലിംഗത്തിന് സമാനമായ വസ്തു കണ്ടെത്തിയെന്ന റിപ്പോർട്ടാണ് അഡ്വക്കേറ്റ് കമ്മീഷണർമാർ കോടതിയിൽ നല്‍കിയത്. സുരക്ഷയ്ക്കുള്ള ഉത്തരവിൻ്റെ കാലാവധി ഇന്ന് തീർന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് ഇക്കാര്യം പരിഗണിച്ചത്. മസ്ജിദിൽ പ്രാർത്ഥനയ്ക്കുള്ള അനുവാദം തുടരും.

വാരാണസി ജില്ലാ മജിസ്ട്രേറ്റിനാവും സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം. വാരാണസി സിവിൽ കോടതിയിൽ പരിഗണനയിലുള്ള എല്ലാ വിഷയങ്ങളും ഒന്നിച്ചാക്കുന്ന കാര്യം ജില്ലാ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു ഗവേഷണ വകുപ്പിന്റെ സർവ്വേയ്ക്കായുള്ള വാരാണസി കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ഈ മാസം 28ലേക്ക് മാറ്റി.

ഗ്യാൻവാപി മസ്ജിദ് കേസില്‍ കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ വാരണാസി ജില്ലാ കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ശിവലിംഗത്തിന് സമാനമായ വസ്തുവിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണണെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി ഹർജി നൽകിയ ഹിന്ദു സ്ത്രീകളാണ് കാർബൺ ഡേറ്റിംഗ് എന്ന ആവശ്യവും മുന്നോട്ട് വച്ച് ഹർജി നൽകിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്. ഇതിനെതിരെ മറുവിഭാഗം സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *