Tuesday, January 7, 2025
National

ഗ്യാൻവാപി കേസിൽ വാദം കേൾക്കാമെന്ന് വാരാണസി കോടതി: വഴി തുറക്കുന്നത് നീണ്ട നിയമപോരാട്ടത്തിന്

വാരാണസി: ഗ്യാൻവാപി മസ്ജിദിൽ അരാധനാവകാശം തേടിയുള്ള ഹ‍ർജികൾ നില നിൽക്കുന്നതാണെന്നും ഹർജിയിൽ വാദം കേൾക്കാവുന്നതാണെന്നും വാരാണസി ജില്ലാ കോടതി വിധിച്ചു.  അഞ്ച്  ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹർജിയെ എതിര്‍ത്ത്  മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി.  നിത്യാരാധന വേണമെന്ന ആവശ്യത്തിൽ തുടർവാദം നടക്കുമെന്നും കോടതി വ്യക്തമാക്കി.  

കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിക്കുള്ളില്‍ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു  സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. സിവിൽ കോടതിയില്‍ എത്തിയ ഹർജി  സുപ്രീം കോടതി ഇടപെടട്ടാണ് വാരണാസി ജില്ലാകോടതയിലേക്ക് വിട്ടത്. കേസിന്‍റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ച്  മുതിര്‍ന്ന ജ‍ഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 

ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രത്തിന്‍റെ സ്ഥലത്താണെന്നും പള്ളിക്കുള്ളില്‍ ദേവതകളുടെ വിഗ്രഹങ്ങള്‍ ഉണ്ടെന്നുമുള്ള വാദങ്ങളാണ്  ഹർജി നല്കിയവർ മുന്നോട്ടു വയ്ക്കുന്നത്.  നിസ്ക്കാരത്തിനു മുൻപ് വിശ്വാസികള്‍ ദേഹശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം ഉണ്ടെന്ന വാദവും ഉയർന്നു. ഹർജി ആദ്യം പരിഗണിച്ച സിവിൽ കോടതി വസ്തുതകൾ പഠിക്കാൻ അഡ്വക്കേറ്റ് കമ്മീഷണർമാരെ നിയോഗിച്ചിരുന്നു. എന്നാൽ 1991 ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹ‍ജികൾ നിലനില്ക്കുമോ എന്ന വിഷയം ജില്ല കോടതി ആദ്യം പരിഗണിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.  

 ഹർജി നിലനില്‍ക്കുന്നതാണെന്ന് വാരണാസി കോടതി വിധിച്ചതോടെ അയോധ്യ കേസിന് സമാനമായി ദീര്‍ഘനാള്‍ നീളുന്ന  നിയമപോരാട്ടത്തിന് അത് വഴിവെക്കും. കനത്ത സുരക്ഷയാണ് വിധി പറയുന്ന സാഹര്യത്തില്‍ പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. കേന്ദ്ര അർധസൈനിക വിഭാഗത്തെയും പൊലീസി്നെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാനും പൊലീസിന് നിര്‍ദേശമുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *