തീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം; ഉടന്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശത്തിന് സ്‌റ്റേ
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ചമച്ചെന്ന എഫ്‌ഐആറില്‍ ആക്ടിവിസ്റ്റ് തീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് തീസ്തയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. തീസ്ത ഉടന്‍ കീഴടങ്ങണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് തീസ്തയ്ക്ക് അനുകൂലമായ വിധി നേടിയെടുക്കാന്‍ സാധിച്ചത്. ഏഴ് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, എഎസ് ബോപണ്ണ, ദിപാന്‍കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ടീസ്റ്റയ്ക്ക് സ്ത്രീയെന്ന പരിഗണന ആദ്യം നല്‍കുന്നുവെന്ന് കോടതി പറഞ്ഞു. കാരണം വ്യക്തമാക്കാതെയാണ് ടീസ്തയോട് കീഴടങ്ങാന്‍ ഗുജറാത്ത് കോടതി ആവശ്യപ്പെട്ടതെന്ന് തീസ്തയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
2002ലെ ഗുജറാത്ത് കലാപത്തില്‍ വലിയ ഗൂഢാലോചന നടന്നുവെന്നാരോപിച്ച് സാക്കിയ എഹ്‌സാന്‍ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് 2022ല്‍ സെതല്‍വാദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തീസ്ത തെളിവുകള്‍ ചമച്ചെന്നായിരുന്നു ആരോപണം. ഗൂഢലക്ഷ്യത്തോടെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും നിയമസംവിധാനത്തെ ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുപ്രിംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.