ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; വട്ടമിട്ട് പറന്ന് ചൈനീസ് യുദ്ധവിമാനങ്ങള്‍
ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ തുടര്‍ച്ചയായ നീക്കങ്ങളുമായി ചൈന. കിഴക്കന്‍ ലഡാക്കിന് സമീപം യഥാര്‍ത്ഥ നിയന്ത്രണം രേഖയോട് ചേര്‍ന്ന് ചൈനീസ് യുദ്ധ വിമാനങ്ങള്‍ തുടര്‍ച്ചയായി പറക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യവുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ചൈനയുടെ പ്രകോപന നീക്കം.
ചൈനയുടെ നീക്കങ്ങള്‍ ഐഎഎഫ് നിരീക്ഷിച്ചുവരികയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. സൈനിക തലത്തില്‍ ഇരുഭാഗത്ത് നിന്നും 16 തവണ സമാധാന ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് യുദ്ധവിമാനങ്ങള്‍ പ്രകോപിപ്പിക്കുന്നത്.
അതേസമയം അതിര്‍ത്തിയിലെ ചൈനീസ് കയ്യേറ്റത്തിന്റെ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. 2017ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷമുണ്ടായ ദോക് ലാമം പീഠഭൂമിക്ക് സമീപം നിര്‍മ്മിച്ച ഗ്രാമത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പങ്കാട എന്ന് ഗ്രാമത്തിന്റെ പേര്. ഇന്ത്യ ചൈന സംഘര്‍ഷ മേഖലയുടെ 9 കിലോമീറ്റര്‍ സമീപമാണ് ഈ ഗ്രാമമുള്ളത്.
ഇന്ത്യ-ചൈന അതിര്‍ത്തി വിഷയങ്ങളില്‍ മഞ്ഞുരുക്കലിന്റെ സൂചന നല്‍കിക്കൊണ്ട് വിദേശകാര്യമന്ത്രിമാര്‍ ഇന്തോനേഷ്യയിലെ മാലിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സൈനികതല ചര്‍ച്ചകളും മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണകള്‍ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കങ്ങള്‍ പുറത്തുവരുന്നത്.