മണിപ്പൂർ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയം; സർവകക്ഷി യോഗത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ, യോഗത്തിന് ക്ഷണിക്കാത്തതിൽ സിപിഐക്ക് പ്രതിഷേധം
മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് വിളിച്ച സർവകക്ഷി യോഗത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം. സമാധാനം പുനസ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയം എന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. സർവകക്ഷി യോഗത്തിലേക്ക് വിളിക്കാത്തതിൽ സിപിഐ പ്രതിഷേധം രേഖപ്പെടുത്തി.
മണിപ്പൂരിൽ സംഘർഷം രണ്ട് മാസം പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സർവകക്ഷി യോഗം വിളിച്ചത്. പാർലമെന്റ് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപിയാണ് യോഗത്തിന് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഇല്ലാത്ത സമയത്ത് യോഗം വിളിച്ചതും, വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ വിമർശിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സർക്കാറിന്റെ പരാജയം പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ തുറന്നുകാട്ടി.
മണിപ്പൂരിൽ നിന്നുള്ള പത്ത് പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതിന് എതിരെയും വിമർശനം ഉയർന്നു. മണിപ്പൂരിലേക്ക് ഒരാഴ്ചയ്ക്കകം സർവകക്ഷി സംഘത്തെ അയക്കണം എന്ന് യോഗത്തിൽ തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം യോഗത്തിൽ സിപിഐയെ ക്ഷണിക്കാത്തതിൽ ബിനോയ് വിശ്വം എം പി ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. സിപിഐ പ്രതിനിധി യായെത്തിയ പി സന്തോഷ് കുമാർ എം പി യോഗസ്ഥലത്ത് എത്തിയ ശേഷം മടങ്ങി. അതിനിടെ മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. പൊതു ജനാരോഗ്യം, പൊതുവിതരണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എൽ സുസിന്ദ്രോ മെയ്തേയിയുടെ രണ്ട് ഗോഡൗണുകൾ അക്രമികൾ തീവച്ചു.