കർണാടക തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ ഇന്നും തുടരും
കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ ഇന്നും തുടരും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ബെലഗാവി രാംദുർഗയിൽ കരിമ്പു കർഷകരുമായി സംവദിയ്ക്കും. മൂന്നരമുതൽ നാലരവരെ യുവജനങ്ങളുമായി സംസാരിയ്ക്കും. വൈകിട്ട് അഞ്ചു മണിയ്ക്ക് ഹംഗലിൽ നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും രാഹുലെത്തും.
ഇന്നലെ ലിംഗായത്ത് മേഖലയായ ഹുബ്ബള്ളി വിജയപുരയിൽ രൂക്ഷമായ വിമർശനമാണ് രാഹുൽ, ബിജെപി സർക്കാറിനെതിരും പ്രധാനമന്ത്രിയ്ക്ക് എതിരെയും ഉന്നയിച്ചത്. പ്രചാരണത്തിൻ്റെ ഭാഗമായി പത്ത് ദിവസം കർണാടകയിൽ എത്തുന്ന രാഹുൽ ഗാന്ധി 13 റാലികളിൽ പങ്കെടുക്കും.
അതേസമയം, 28ന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. 20 റാലികളിലാണ് മോദി പങ്കെടുക്കുക. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ധർമേന്ദ്ര പ്രധാൻ, ശോഭ കരന്തലജെ എന്നിവരുൾപ്പെട്ട ദേശീയ നേതാക്കൾ കർണാടകയിൽ ക്യാംപു ചെയ്യുന്നുണ്ട്.