എസ്എൻസി ലാവ്‍ലിൻ കേസ് ഹർജികൾ ഇന്ന് സുപ്രിം കോടതിയിൽ; മാറ്റിവെക്കാൻ വീണ്ടും കത്ത് നൽകി
എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരാണ് കേസ് കേൾക്കുക. നാലാം നമ്പർ കോടതയിൽ 21–ാം നമ്പർ കേസായാണ് ലാവ്‍ലിൻ ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹർജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ എം.എൽ.ജിഷ്ണു കത്തു നൽകിയിട്ടുണ്ട്.
ഇതിൽ സുപ്രിം കോടതി എടുക്കുന്ന തിരുമാനത്തെ അടിസ്ഥാനമാക്കി ആയിരിയ്ക്കും തുടർന്നുള്ള കേസിന്റെ വിചാരണ. ജസ്റ്റിസ് എം.ആർ.ഷാ മേയ് 15 ന് വിരമിക്കുന്നതിനാൽ കേസ് മാറ്റിവച്ചാൽ വീണ്ടും പുതിയ ബെഞ്ചാകും കേസ് കേൾക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ ആണ് സിബിഐയുടെ ഹർജി.
വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെതാണ് മറ്റ് ഹർജികൾ.