നാൽപത് ശതമാനം കമ്മിഷൻ വാങ്ങുന്ന ബസവരാജ് ബൊമ്മെ സർക്കാറിന് തെരഞ്ഞെടുപ്പ് നാൽപത് സീറ്റുകൾ മാത്രം നൽകി മറുപടി പറയണം : രാഹുൽ ഗാന്ധി
നാൽപത് ശതമാനം കമ്മിഷൻ വാങ്ങുന്ന ബസവരാജ് ബൊമ്മെ സർക്കാറിന് തെരഞ്ഞെടുപ്പ് നാൽപത് സീറ്റുകൾ മാത്രം നൽകി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി. കർണാടക ബിദറിലെ ഹംനാബാദിൽ തെരഞ്ഞെപ്പ് പൊതുയോഗത്തിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങളും വേദിയിൽ രാഹുൽ ആവർത്തിച്ചു.
കർണാടകയിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയത് കോടികളുടെ അഴിമതിയാണ്. മാഡൽ വിരുപാക്ഷപ്പയുടെ കൈക്കൂലി കേസാണ് ഒടുവിലുണ്ടായത്. അതിനു മുൻപ് ജോലി തട്ടിപ്പുൾപ്പെടെയുള്ള അഴിമതികൾ സർക്കാർ നടത്തി. 40 ശതമാനം കമ്മിഷനാണ് മുഖ്യമന്ത്രിയുടെ വ്യവസ്ഥ. ഈ കമ്മിഷൻ നൽകുന്നത് ജനങ്ങളിൽ പിരിച്ചെടുക്കുന്ന നികുതി പണം കൊണ്ടാണ്. ഇത് അവസാനിപ്പിയ്ക്കണം.
കർണാടകയിൽ വ്യാപകമായ അഴിമതി നടത്തിയിട്ടും പ്രധാനമന്ത്രി ഒരു വാക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല. ഇതിലൂടെ അഴിമതിയ്ക്ക് കൂട്ടുനിൽക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. അഴിമതിയ്ക്ക് അറുതിയുണ്ടാക്കാൻ കോൺഗ്രസിനെ 150 സീറ്റുകളിൽ അധികം നൽകി വിജയിപ്പിയ്ക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഒരാൾക്ക് പത്ത് കിലോ അരിവീതം തുടങ്ങിയ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ആദ്യത്തെ നിയമസഭാ സമ്മേളനത്തിൽ തന്നെ നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹംനാബാദിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാജശേഖർ പാട്ടീലിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാനായാണ് രാഹുൽ ഗാന്ധി എത്തിയത്.