Saturday, April 12, 2025
National

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല; തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍

കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പുണ്ടാകില്ല. റായ്പൂരില്‍ തുടരുന്ന പ്ലീനറി സമ്മേളനത്തിലാണ് സമവായമായത്. അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനാണ് തീരുമാനം.

ഇന്ന് രാവിലെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആദ്യംഘട്ടം മുതല്‍തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 47 അംഗങ്ങളാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്. പി ചിദംബരമാണ് തെരഞ്ഞെടുപ്പ് വേണം എന്ന ആവശ്യം മുന്‍നിര്‍ത്തി രംഗത്തെത്തിയത്. ചില അംഗങ്ങള്‍ തെരഞ്ഞെടുപ്പ് വേണമെന്നും വേണ്ട എന്നും തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന അഭിപ്രായങ്ങളിലേക്ക് പോകരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

പിന്നാലെ ദിഗ്വിജയ് സിംഗ് അടക്കം ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് പ്രതികരണം അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തെരഞ്ഞെടുപ്പിനെ എതിര്‍ത്തു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്ന സംഘടനയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നായിരുന്നു ഗെഹ്ലോട്ടിന്റെ നിലപാട്.

തുടര്‍ന്ന് തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലേക്ക് പാര്‍ട്ടിയെത്തുകയായിരുന്നു. സമവായത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന പട്ടികയായിരിക്കും പ്ലീനറി സമ്മേളനം അംഗീകരിക്കുന്നത്. പട്ടികയിലെ അന്തിമ പേരുകള്‍ സംബന്ധിച്ച പ്രാഥമിക ധാരണയും രൂപപ്പെടുത്തിയിട്ടുണ്ട്.

പ്രവര്‍ത്തക സമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ഭേദഗതിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ,മുന്‍ പ്രധാനമന്ത്രി, ലോക്‌സഭയിലെയും രാജ്യസഭയിലെയും നേതാക്കള്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി സമിതിയിലെ അംഗബലവും വര്‍ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *