അദാനി ഓഹരിയിൽ എൽഐസിക്ക് വൻ തിരിച്ചടി; വിപണി മൂല്യം കുത്തനെ ഇടിഞ്ഞു
അദാനി ഗ്രൂപ്പ് കമ്പനിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി നടത്തിയ നിക്ഷേപങ്ങൾ തിരിച്ചടി നേരിട്ടു. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയുടെ ഓഹരി വിപണി മൂല്യം ഇതാദ്യമായാണ് അതിന്റെ വാങ്ങൽ മൂല്യത്തിന് താഴെയാകുന്നത്. അദാനി ഗ്രൂപ്പ് കമ്പനികളിലെ എൽഐസിയുടെ വിപണി മൂല്യം 26,861.0 കോടി രൂപയായിരുന്നു. ഇതിന്റെ വാങ്ങൽ മൂല്യമായ 30,127 കോടി രൂപയേക്കാൾ 11 ശതമാനം കുറവാണ് ഇത്. കൃത്യമായി പറഞ്ഞാൽ 11 ശതമാനം കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 22ന് അദാനി ഗ്രൂപ്പിലെ എൽഐസി ഇൻവെസ്റ്റ്‌മെന്റ് വാല്യു 33,632 കോടി രൂപയായിരുന്നു. ജനുവരി 27ന് എൽഐസി പുറത്തുവിട്ട കണക്ക് പ്രകാരം ഇത് 56,142 കോടിയായിരുന്നു. ഡിസംബറിലെ കണക്ക് പ്രകാരം ഇത് 62,550 കോടി രൂപയായിരുന്നു. അതായത് 6,408 കോടി രൂപയുടെ അഥവാ 10 ശതമാനം വ്യത്യാസമാണ് എൽഐസി ഇൻവെസ്റ്റ്‌മെന്റ് വാല്യുവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത് 6,400 കോടിയുടെയോ 10 ശതമാനത്തിന്റെയോ മൂല്യം വരുന്ന അദാനി ഗ്രൂപ്പ് ഓഹരികൾ എൽഐസി വിറ്റോ എന്ന ചോദ്യത്തിലേക്കാണ്.
ജനുവരി 30ന് എൽഐസി വ്യക്തമാക്കിയത് അദാനി സ്‌റ്റോക്ക്‌സിൽ 26,000 കോടിയുടെ നേട്ടം സ്വന്തമാക്കിയെന്നാണ്. ഡിസംബർ അവസാനത്തോടെ എൽഐസി സ്വന്തമാക്കിയ നേട്ടം 50,000 കോടിയായിരുന്നു. ജനുവരി 24ന് പുറത്ത് വന്ന ഹിൻഡർബർഗ് റിപ്പോർട്ട് പുറത്ത് വന്നതോടെ അദാനിയിലെ എൽഐസി നിക്ഷേപങ്ങൾ ഇടിയുകയായിരുന്നു. ജനുവരി 30 മുതൽ എൽഐസിക്ക് 22,876 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പ് സ്റ്റോക്കുകളിൽ എൽഐസിക്ക് അദാനി പോർട്ട്‌സിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം. രണ്ടാം സ്ഥാനത്ത് അദാനി എന്റർപ്രൈസും പിന്നാലെ അദാനി ടോട്ടൽ ഗ്യാസുമുണ്ട്.