Sunday, January 5, 2025
National

‘പത്താൻ’ പ്രദർശനം തടയില്ലെന്ന് ഹിന്ദു സംഘടനകൾ, നിലപാടിൽ മാറ്റം

ഷാരൂഖ് ഖാൻ ചിത്രം പത്താൻ്റെ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നിലപാടിൽ മാറ്റം വരുത്തി ഹിന്ദു സംഘടനകൾ. സിനിമയുടെ പ്രദർശനം ഗുജറാത്തിൽ തടയില്ലെന്ന് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അറിയിച്ചു.

നാല് വർഷങ്ങൾക്ക് ശേഷം കിംഗ് ഖാനെ ബിഗ് സ്‌ക്രീനിൽ കാണാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ബോളിവുഡിലെ രാജാവിന്റെ തിരിച്ചുവരവ് ചിത്രമെന്ന് പറയപ്പെടുന്ന ‘പത്താൻ’ ബുധനാഴ്ച തിയേറ്ററുകളിൽ എത്തും. ഷാരൂഖിന്റെ നായികയായി അഭിനയിക്കുന്ന ദീപിക ‘ബേഷാരം രംഗ്’ എന്ന ഗാനരംഗത്തിൽ ‘കാവി’ നിറമുള്ള ബിക്കിനി ധരിച്ചത് വിവാദങ്ങൾക്ക് വഴിവച്ചു.

മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു വിമർശനം. പാട്ടുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ ഉയർന്നതോടെ ബിജെപി നേതാക്കളും ഹിന്ദു സംഘടനകളും ‘പത്താനെ’ തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ ഇപ്പോൾ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഹിന്ദു സംഘടനകൾ നിലപാടിൽ മാറ്റം വരുത്തിയിരിക്കുന്നത്.

പ്രതിഷേധത്തിന് മുൻനിരയിൽ ഉണ്ടായിരുന്ന വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഗുജറാത്തിൽ ഇനി സിനിമയെ എതിർക്കില്ല. അശോക് റാവലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. ‘പത്താൻ’ സിനിമയിൽ മാറ്റങ്ങൾ വരുത്തിയ സെൻസർ ബോർഡിനെ അഭിനന്ദിക്കുന്നു. ചിത്രത്തിലെ അശ്ലീല വരികളും അശ്ലീല വാക്കുകളും സെൻസർ ബോർഡ് നീക്കം ചെയ്തു. ഇനി സിനിമ കാണണോ വേണ്ടയോ എന്നത് പൊതുജനം തീരുമാനിക്കട്ടെ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *