Sunday, December 29, 2024
National

ദീപികയുടെ വസ്ത്രം ഹിന്ദു ധർമ്മത്തിനെതിരാണ്; വിവാദത്തിൽ കേസെടുത്ത് മുംബൈ പൊലീസ്

പത്താൻ സിനിമ വിവാദത്തിൽ മുംബൈ പൊലീസ് കേസെടുത്തു. സജ്ഞയ് തിവാരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധർമ്മത്തിന് എതിരെന്നായിരുന്നു പരാതി.

ഇതിനിടെ പത്താൻ സിനിമക്കെതിരെ നടപടി ആവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സി ജെ എം കോടതിയിൽ ഹർജി നൽകി. അഭിഭാഷകനായ സുധീർ ഓജയാണ് കോടതിയെ സമീപിച്ചത്. കേസ് ജനുവരി 3 ന് പരിഗണിക്കും.

പത്താൻ സിനിമയ്ക്കെതിരെ ഹിന്ദു സംഘടനകള്‍ക്ക് പുറകെ മുസ്ലിം സംഘടനയും രംഗത്തുവന്നു. സിനിമ മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നുവെന്നാണ് ആരോപണം. ചിത്രം രാജ്യത്ത് എവിടെയും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. സിനിമയില്‍ പത്താന്‍മാരെ മാത്രമല്ല, മുസ്ലീം സമുദായത്തെയാകെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും മധ്യപ്രദേശ് ഉലേമ ബോര്‍ഡ് പ്രസിഡന്റ് സയ്യദ് അലി കുറ്റപ്പെടുത്തുന്നു.

നേരത്തെ നൃത്തരംഗത്തിൽ നടി ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങൾക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *