Tuesday, January 7, 2025
Kerala

കരിപ്പൂരിൽ വൻ സ്വർണവേട്ട: മൂന്നു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. അഞ്ചു കേസുകളിൽ നിന്നായ് അഞ്ച് കിലോ​ഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തത്.

മലപ്പുറം ആതവനാട് സ്വദേശി അബ്ദുൽ ആശിഖ് (29), മലപ്പുറം തവനൂർ സ്വദേശി അബ്‌ദുൽ നിഷാറിൽ (33), കോഴിക്കോട് കൊടുവള്ളി അവിലോറ സ്വദേശി സുബൈറിൽ (35), വടകര വില്ലിയാപ്പള്ളി സ്വദേശി താച്ചാർ കണ്ടിയിൽ അഫ്‌നാസിൽ (29) എന്നിവരാണ് അറസ്റ്റിലായത്. എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്നും ഷാർജ വഴി അബ്‌ദു‌ൽ ആശിഖ് കൊണ്ടുവന്ന കമ്പ്യൂട്ടർ പ്രിന്ററിന്റെ പാർട്‌സായി വച്ചിരുന്ന 995 ഗ്രാം തങ്കമാണ് പിടികൂടിയത്.

എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന അബ്‌ദുൽ നിഷാറിൽ നിന്ന് 1158 ഗ്രാം സ്വർണമിശ്രിതവും സുബൈറിൽ നിന്ന് 1283 ഗ്രാം സ്വർണമിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്‌സുലുകളാണ് പിടികൂടിയത്. ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ വന്ന അഫ്‌നാസിൽ നിന്നും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിൽ കലർത്തികൊണ്ടുവന്ന 45.69 ലക്ഷം രൂപ വിലയുള്ള 840.34 ഗ്രാം സ്വർണമാണ് പിടികൂടിയത്.

കൂടാതെ വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണ്ണം കണ്ടെത്തി. അതേസമയം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഗർഭനിരോധന ഉറകളിലൊളിപ്പിച്ച് കടത്തിയ 38 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ദുബൈയിൽ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *