ലൈംഗികബന്ധത്തിനിടെ കമിതാക്കളെ സൂപ്പർ ഗ്ലൂ ഒഴിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി; മന്ത്രവാദി അറസ്റ്റിൽ
ലൈംഗികബന്ധത്തിനിടെ കമിതാക്കളെ സൂപ്പർ ഗ്ലൂ ഒഴിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ മന്ത്രവാദി അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. അധ്യാപകനായ രാഹുൽ മീണ (30), സോനു കവാർ (28) എന്നിവരെ കൊലപ്പെടുത്തിയ ഇച്ചപൂർണ ശേഷനാഗ് ഭാവ്ജി മന്ദിറിലെ താന്ത്രിക് ഭലേഷ് കുമാറിനെയാണ് പൊലീസ് പിടികൂടിയത്.
ഉദയ്പൂരിലെ കേളബവാഡിയിൽ നവംബർ 18നാണ് നഗ്നരായി പരസ്പരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടനിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ദുരഭിമാന കൊലയാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണമാണ് ഒടുവിൽ നിഷ്ഠൂര കൊലപാതകത്തിലേക്കും മന്ത്രവാദിയുടെ അറസ്റ്റിലേക്കും വഴിതെളിച്ചത്.
രാഹുലും സോനുവും മന്ത്രവാദിയുടെ നിത്യ സന്ദർശകരാണ്. വിവാഹിതരായിരുന്ന ഇരുവരും ഇവിടെവച്ച് പരിചയപ്പെട്ട് പ്രണയത്തിലായി. ഇതിനിടെ രാഹുലും ഭാര്യയുമായി നിരന്തരം പ്രശ്നങ്ങൾ ആരംഭിച്ചു. തുടർന്ന് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുലിൻ്റെ ഭാര്യ മന്ത്രവാദിയുടെ സഹായം തേടി. സോനുവിൽ തല്പരനായിരുന്ന മന്ത്രവാദി രാഹുലിന് സോനുവുമായി അവിഹിത ബന്ധമുണ്ടെന്ന് രാഹുലിൻ്റെ ഭാര്യയെ അറിയിച്ചു. ഇക്കാര്യം അറിഞ്ഞ സോനുവും രാഹുലും വ്യാജ പീഡനക്കേസ് നൽകി അപകീർത്തിപ്പെടുത്തുമെന്ന് മന്ത്രവാദിയെ ഭീഷണിപ്പെടുത്തി. ഇത് മന്ത്രവാദിയ്ക്ക് ഭയമുണ്ടാക്കി. ഇതേ തുടർന്നാണ് ഇയാൾ പ്രതികാരം നടത്താൻ പദ്ധതിയിട്ടത്.
നവംബർ 15 വൈകിട്ട് രാഹുലിനെയും സോനുവിനെയും മന്ത്രവാദി സമീപത്തെ വനപ്രദേശത്തുള്ള ഒഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയി. ഇതിനു മുൻപ് മന്ത്രവാദി 50ഓളം സൂപ്പർ ഗ്ലൂ പശ പാക്കറ്റുകൾ സംഘടിപ്പിച്ചിരുന്നു. ഇത് ഇയാൾ ഒരു കുപ്പിയിലേക്ക് ഒഴിച്ചുവക്കുകയും ചെയ്തു. തുടർന്ന് ഒരു പൂജ ആവശ്യത്തിനാണെന്നറിയിച്ച് തൻ്റെ മുന്നിൽ നഗ്നരായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ മന്ത്രവാദി സോനുവിനോടും രാഹുലിനോടും ആവശ്യപ്പെട്ടു. ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ മന്ത്രവാദി ഇവരുടെ ദേഹത്തേക്ക് പശ ഒഴിച്ചു. ഇതോടെ ഇരുവരും പരസ്പരം ഒട്ടിപ്പിടിച്ചു. പശ വേർപ്പെടുത്താൻ ശ്രമിച്ചതോടെ രാഹുലിൻ്റെ ലിംഗം ശരീരത്തിൽ നിന്ന് വേർപ്പെട്ടു. സോനുവിൻ്റെ സ്വകാര്യഭാഗത്തും പരുക്കുകൾ പറ്റി. തുടർന്ന് രാഹുലിൻ്റെ കഴുത്തറുത്തും സോനുവിനെ കുത്തിയും മന്ത്രവാദി കൊലപ്പെടുത്തുകയായിരുന്നു.
50 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് 200 ഓളം പേരെ ചോദ്യം ചെയ്തതിലൂടെയാണ് മന്ത്രവാദിയിലേക്ക് പൊലീസിന്റെ സംശയം എത്തുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മന്ത്രവാദി കുറ്റം സമ്മതിച്ചു.