പണത്തിനായി കൊവിഡ് രോഗിയെ കൊലപ്പെടുത്തി; ചെന്നൈയിൽ ആശുപത്രി ജീവനക്കാരി അറസ്റ്റിൽ
കൊവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി ജീവനക്കാരി അറസ്റ്റിൽ. ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലെ രതിദേവി എന്ന നാൽപതുകാരിയാണ് അറസ്റ്റിലായത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത(41)യാണ് കൊല്ലപ്പെട്ടത്
സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും കവരുകയായിരുന്നു. തുടർന്ന് മൃതദേഹം ആശുപത്രിയിലെ എട്ടാനിലയിൽ ഉപേക്ഷിച്ചു. മെയ് 24 മുതലാണ് സുനിയെ കാണാതായത്. മെയ് 23നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുനിതയെ കാണാതായതിനെ തുടർന്ന് ഭർത്താവ് മൗലി പോലീസിനെ സമീപിക്കുകയായിരുന്നു. 23ന് രാത്രി രതിദേവി സുനിതയെ സ്‌കാനിംഗിന് കൊണ്ടുപോയിരുന്നു. പിന്നീട് ഇവരെ വാർഡിലെത്തിച്ചുവെന്നാണ് രതിദേവി പോലീസിനോട് പറഞ്ഞത്.
എന്നാൽ ജൂൺ എട്ടിന് ആശുപത്രിയുടെ എട്ടാംനിലയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നോക്കിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. പിന്നീട് പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. ഇതോടെ രതിദേവിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.