Saturday, October 19, 2024
National

നിർണായക നീക്കവുമായി നിതീഷ് കുമാർ, മമതയെ കാണാൻ ബംഗാളിലേക്ക്, പ്രതിപക്ഷം ഐക്യത്തിലെത്തുമോ?

ദില്ലി : പ്രതിപക്ഷ ഐക്യചർച്ചയുടെ ഭാഗമായി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്താന്‍ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ചൊവ്വാഴ്ച ബംഗാൾ മുഖ്യമന്ത്രിയുമായി നിതീഷ് കുമാർ കൊല്‍ക്കത്തയിലെത്തി മമതയെ കണ്ട് കൂടിക്കാഴ്ച നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ പാർട്ടികളുമായി ചർച്ച നടത്താൻ നിതീഷ് കുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് മമതയുമായുള്ള നിർണായക കൂടിക്കാഴ്ച.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ഐക്യ ചർച്ചകൾ തുടരുകയാണ് പ്രതിപക്ഷം. കോൺഗ്രസുമായി അടുത്ത അടുപ്പം പുലർത്താത്ത പാർട്ടികളെ നിതീഷ് കുമാറിലൂടെ പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമാക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. യുപിഎ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടർന്നു കൊണ്ട് കൺവീനർ സ്ഥാനം നിതീഷിന് നൽകുകയെന്നൊരു അഭിപ്രായം കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദില്ലിയിൽ ഇടതു പാർട്ടി നേതാക്കളുമായി നിതീഷ് കുമാർ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബിജെപിക്കെതിരെ ഐക്യം ആവശ്യമാണെന്നും എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം ഉണ്ടാകേണ്ടതെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. നേരത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നിതീഷ് കുമാർ ഐക്യ ചർച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published.