Sunday, January 5, 2025
National

ഡൽഹി ക്യാപിറ്റൽസ് താരങ്ങളുടെ കിറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ

ഡൽഹി ക്യാപിറ്റൽസ് താരങ്ങളുടെ കിറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കർണാടക സ്വദേശി ചെലുവരാജ് (30), ഒഡീഷ സ്വദേശി സുധാൻശു നായിക് (30) എന്നിവരെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. സുധാൻശു കൊറിയർ ബോയിയും ചെലുവരാജ് കാർഗോ വാഹനത്തിൻ്റെ ഡ്രൈവറുമാണ്.

ഏപ്രിൽ 15നാണ് മോഷണം നടക്കുന്നത്. താരങ്ങളുടെ കിറ്റുകൾ ഐടിസി ഗാർഡേനിയ ഹോട്ടലിൽ നിന്ന് ബെംഗളൂരുവിലെ കെമ്പഗൗഡ വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും മാറ്റാൻ കരാറെടുത്ത എക്സ്പ്രസ് ഫ്രേയ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു ചെലുവരാജ്. കമ്പനിയുടെ മാനേജർ ആനന്ദ അഗർവാല കമ്പയുടെ സഹ മാനേജർ ദിനേശിനെ ഇതിൻ്റെ ചുമതല ഏല്പിച്ചു. ദിനേശും സുഹൃത്ത് സുധാൻശുവും രാത്രി 10 മണിയോടെ രണ്ട് വാഹനങ്ങളിലായി കിറ്റ് ബാഗുകൾ ശേഖരിച്ചു. 39 ബാഗുകൾ ചെലുവരാജിൻ്റെ വാഹനത്തിലും 25 എണ്ണം അഭിഷേക് എന്നയാൾ ഓടിച്ചിരുന്ന വാഹനത്തിലുമായിരുന്നു.

ഏപ്രിൽ 16ന് പരിശീലനത്തിനായി കിറ്റുകൾ എടുക്കുമ്പോഴാണ് 17 ബാറ്റുകൾ, 3 തൈ പാഡുകൾ, 18 പന്തുകൾ, ഏഴ് ഗ്ലൗസ്, 2 ഹെൽമറ്റുകൾ, മൂന്ന് പാഡുകൾ, മൂന്ന് ജോഡി ഷൂസ്, രണ്ട് സൺ ഗ്ലാസുകൾ എന്നിവ കാണാനില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ മനസിലാക്കുന്നത്. തുടർന്ന് ഈ വിവരം ടീം മാനേജർ അരവിന്ദ് നെഗി ആനന്ദ അഗർവാലയെ അറിയിച്ചു. ഏപ്രിൽ 17ന് പരാതിനൽകാൻ ദിനേശും മറ്റൊരാളും ചേർന്ന് പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും ഡൽഹി പൊലീസാണ് കേസെടുക്കേണ്ടതെന്ന് പൊലീസ് പറഞ്ഞതായി അഗർവാല പറയുന്നു. പിന്നീട് അഗർവാല മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന് മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടു. എന്നാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തില്ല. തുടർന്ന് അഗർവാല കമ്മീഷണറെ കാണുകയും കമ്മീഷണറുടെ നിർദ്ദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു എന്നും ഇയാൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

വ്യക്തിപരമായ ഉപയോഗത്തിനായാണ് കിറ്റുകൾ മോഷ്ടിച്ചതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് പറയുന്നു. സുധാൻശു ഒരു ബാറ്റ് മോഷ്ടിച്ചു. ആകെ 11 ബാറ്റുകൾ, 18 പന്തുകൾ, നാല് ജോഡി ഗ്ലൗസുകൾ, രണ്ട് ഹെൽമറ്റ്, മൂന്ന് ജോഡി പാഡുകൾ, രണ്ട് തൈ പാഡുകൾ, ഒരു സെൻ്റർ ഗാർഡ്, ഒരു ബാഗ് എന്നിവ മോഷ്ടിച്ചതായി ചെലുവരാജും സമ്മതിച്ചു. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ആകെ മൂല്യം 16 ലക്ഷം രൂപയാണ്. യെലഹങ്കയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ പല കിറ്റ് ബാഗുകളിൽ നിന്ന് വിവിധ സാധനങ്ങൾ മോഷ്ടിച്ച ചെലുവരാജ് ഇതെല്ലാം ഒരു ബാഗിലാക്കി ഒരു സ്ഥലത്ത് ഒളിപ്പിച്ചു. ബാക്കിയുള്ള സാധനങ്ങൾ വിമാനത്താവളത്തിൽ ഇറക്കിയ ശേഷം തിരികെവന്ന് ഒളിപ്പിച്ച സാധനങ്ങളെടുത്ത് ഇയാൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മോഷണവിവരം ഇവർ പരസ്പരം അറിഞ്ഞിരുന്നില്ല. ഇവർ മോഷ്ടിച്ച എല്ലാ സാധനങ്ങളും തിരികെ ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *