‘പ്രധാനമന്ത്രിക്കെതിരായ ഭീഷണി കത്ത് വ്യാജം, പിന്നില്‍ വ്യക്തി വൈരാഗ്യം’; കൊച്ചി കമ്മീഷണര്‍ കെ സേതുരാമന്‍
പ്രധാനമന്ത്രിക്കെതിരായ ഭീഷണി കത്ത് വ്യാജമെന്ന് കൊച്ചി കമ്മീഷണര്‍ കെ സേതുരാമന്‍. രണ്ട് പേര്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കത്തിന് പിന്നിലെന്നും കത്ത് അയച്ച സേവ്യര്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
കലൂര്‍ സ്വദേശി എന്‍ ജെ ജോണി എന്നയാളുടെ പേരിലായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു ഊമക്കത്തിലെ ഭീഷണി സന്ദേശം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. എന്നാല്‍ എന്‍ ജെ ജോണിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ സേവ്യര്‍ എന്നയാളാണ് കത്തയച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയ്ക്ക് വരുന്ന എല്ലാവരേയും പരിശോധിക്കും. 2060 പൊലീസുകാരെ ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ടെന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.