‘ദേശീയ താത്പര്യം എന്തെന്നറിയാത്തവർ ഹൈജാക്ക് ചെയ്ത പാർട്ടി’; കോൺഗ്രസിനെതിരെ വീണ്ടും അനിൽ ആന്റണി
കോൺഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് അനിൽ കെ ആന്റണി. ദേശീയ താത്പര്യമോ പൊതുജനതാത്പര്യമോ എന്തെന്നറിയാത്തവർ ഹൈജാക്ക് ചെയ്ത പാർട്ടിയെന്നായിരുന്നു ഇത്തവണ അനിൽ ആന്റണിയുടെ പരാമർശം. ഇന്ത്യയുടെ ആദ്യ ഗവർണർ ജെനറലായിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകന്റെ മകൻ സിആർ കേശവന്റെ രാജിക്കത്ത് പങ്കുവച്ചുകൊണ്ടായിരുന്നു അനിൽ ആന്റണിയുടെ പരാമർശം.
‘സി രാജഗോപാലാചാരി ജി ഒരിക്കൽ ചെയ്തത് പോലെ അത്യധികം രാജ്യസ്‌നേഹത്തോടെയും ആത്മാർത്ഥതയോടെയും പൊതുജനസേവനം തുടരാൻ നിങ്ങൾക്കാകട്ടെയെന്ന് ആശംസിക്കുന്നു. ദേശീയ താത്പര്യമോ പൊതുജനതാത്പര്യമോ എന്തെന്നറിയാത്തവർ ഹൈജാക്ക് ചെയ്ത പാർട്ടിയിലെ പലരുടേയും ചിന്തകൾ പ്രതിധ്വനിക്കുന്നതാണ് ഈ കത്ത്’- അനിൽ ആന്റണി കുറിച്ചു.
ഇന്ന് രാവിലെയാണ് സി.ആർ കേശവൻ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചത്. മലിക്കാർജുൻ ഖാർഗെയ്ക്ക് നൽകിയ രാജികത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ തന്നെ പ്രേരിപ്പിച്ച മൂല്യങ്ങളൊന്നും ഇന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് തനിക്ക് നേരെ വച്ചുനീട്ടിയ സംഘടനാ ചുമതല അടുത്തിടെ നിരാകരിച്ചതെന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം രാജി കത്തിൽ വിശദീകരിക്കുന്നു.