‘മോദി പുതിയ ഇന്ത്യയുടെ പിതാവ്’; ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്ര പിതാക്കന്മാരുണ്ടെന്ന് അമൃത ഫഡ്‌നാവിസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ രണ്ടാം രാഷ്ട്ര പിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നാഗ്പൂരില്‍ എഴുത്തുകാരുടെ സംഘടന നടത്തിയ ചര്‍ച്ചയിലെ അഭിമുഖത്തിനിടെയായിരുന്നു അമൃതയുടെ പരാമര്‍ശം.
മോദി രാഷ്ട്ര പിതാവാണെന്നായിരുന്നു ആദ്യ അഭിപ്രായം. മഹാത്മ ഗാന്ധി ആരാണെന്ന ചോദ്യം സദസ്സില്‍ നിന്ന് ഉയര്‍ന്നപ്പോയാണ് മോദിയും ഗാന്ധിയും ഇന്ത്യയുടെ രാഷ്ട്ര പിതാവാണെന്ന പരാമര്‍ശം നടത്തിയത്. ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്ര പിതാക്കന്മാരുണ്ട്. മോദി പുതിയ ഇന്ത്യയുടെ പിതാവും മഹാത്മ ഗാന്ധി ആ കാലഘട്ടത്തിലെ പിതാവാണെന്നും അമൃത ഫഡ്‌നാവിസ് പറഞ്ഞു.
ഇതാദ്യമായല്ല അമൃത ഫഡ്‌നാവിസ് നരേന്ദ്രമോദിയെ രാഷ്ട്രപിതാവെന്ന് വിളിക്കുന്നത്. 2019 ൽ ജന്മദിനാശംസകൾ നേർന്ന് അമൃത നടത്തിയ ട്വീറ്റിലും മോദിയെ രാഷ്ട്ര പിതാവെന്ന് വിശേഷിപ്പിച്ചതും വിവാദമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പിതാവായ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേരുന്നു എന്നായിരുന്നു അമൃതയുടെ അന്നത്തെ ട്വീറ്റ്.