‘താമരയും, വസുധൈവ കുടുംബകവും’ : ഇന്ത്യയുടെ പുതിയ ജി20 ലോഗോ
ദില്ലി: ജി20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്ന ഇന്ത്യ പുതിയ ലോഗോയും വെബ് സൈറ്റും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദില്ലിയില്‍ ലോഗോ പുറത്തിറക്കിയത്. ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷമാണ് ഇതെന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
“ഒരോ ഇന്ത്യക്കാരനെയും ഈ ചരിത്ര നിമിഷത്തില്‍ അഭിനന്ദിക്കുന്നു. ലോഗോയിലെ വസുധൈവ കുടുംബകം എന്നതാണ് ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയാണ്. ലോഗോയിലെ താമര ലോകത്തെ ഒന്നായി നിര്‍ത്തും എന്ന ഇന്ത്യ നല്‍കുന്ന വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്” – പ്രധാനമന്ത്രി മോദി ചടങ്ങില്‍ പറഞ്ഞു.
www.g20.in എന്നതാണ് ഇന്ന് പ്രധാനമന്ത്രി മോദി പുറത്തിറക്കിയ സൈറ്റ്. ലോകം കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതങ്ങളിലൂടെ കടന്ന് പോവുകയാണ്. ജി20യുടെ ഇപ്പോഴത്തെ ലോഗോ ലോകത്തിന് തന്നെ ഒരു പ്രതീക്ഷ നല്‍കും. എന്തൊക്കെ വിപരീത പരിതസ്ഥിതിയിലും താമര വിരിഞ്ഞിരിക്കും- പ്രധാനമന്ത്രി പറഞ്ഞു.
“ജി 20 ലോഗോ വെറും ലോഗോ അല്ല നമ്മുടെ ഞരമ്പുകളിലെ വികാരത്തിന്‍റെ സന്ദേശമാണ് അത്. അത് ഒരു പ്രതിജ്ഞയാണ്. അതില്‍ നമ്മുടെ ചിന്തകളുണ്ട്. ലോഗോയിലെ ഏഴ് ഇതളുകള്‍ ലോകത്തിലെ ഏഴു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു, ഒപ്പം സംഗീതത്തിലെ ഏഴു സ്വരങ്ങളെ സൂചിപ്പിക്കുന്നു. ജി20 ലോകത്തെ ഒന്നിച്ച് നിര്‍ത്തുന്നു. ഇന്ത്യയുടെ പാരമ്പര്യത്തിന്‍റെയും പൌരാണീകതയുടെയും, നമ്മുടെ വിശ്വാസത്തിന്‍റെയും ചിഹ്നമാണ് താമര” – പ്രധാനമന്ത്രി പറഞ്ഞു.