Tuesday, January 7, 2025
National

‘ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് സംസാരിക്കാൻ അനുവാദമില്ല, ജനാധിപത്യം ദുർബലമായി’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യം കടുത്ത ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിനെതിരായ ആക്രമണത്തിനെതിരെ രാജ്യം പോരാടുകയാണെന്നും രാഹുൽ. ഈ മാസം ആദ്യം നോർവേയിലെ ഓസ്ലോ സർവകലാശാലയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിൻ്റെ വീഡിയോ പാർട്ടി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

2014ൽ മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ ജനാധിപത്യവുമായി ബന്ധപ്പെട്ട് എല്ലാം മാറിമറിഞ്ഞു. ഇപ്പോൾ ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ സംസാരിക്കാൻ അനുവദിക്കാത്ത ദുർബലമായ ജനാധിപത്യമാണ് രാജ്യത്തുള്ളത്. ജനാധിപത്യ ഘടനയ്‌ക്കെതിരായ ആക്രമണത്തിനെതിരെ പോരാടുന്ന നിരവധി ആളുകൾ ഇപ്പോഴുമുണ്ട്. പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്ന് ഞാൻ കരുതുന്നു- രാഹുൽ പറഞ്ഞു.

“ഇന്ത്യയിൽ ഇന്ന് എല്ലാം മാറി. സ്ഥാപനങ്ങൾ ആർഎസ്എസ് പിടിച്ചെടുത്തു, ഏജൻസികൾ സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് എന്നിവ ആയുധമാക്കി, അവർ ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ ചെറുക്കുന്നവരെ ആക്രമിക്കുന്നു. അതിനാൽ ഞങ്ങൾ ഇനി യുദ്ധം ചെയ്യുന്നില്ല, ഇപ്പോൾ ഇന്ത്യൻ ഭരണകൂടത്തിന്റെ അടിസ്ഥാന ഘടനയോട് പോരാടുകയാണ്” അദ്ദേഹം പറഞ്ഞു.

“ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് നിങ്ങൾ പറഞ്ഞു, അത് ശരിയാണ്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ശബ്ദം പ്രകടിപ്പിക്കാൻ അനുവദിക്കാത്ത, തോന്നുന്ന കാര്യങ്ങൾ പറയാൻ നിങ്ങളെ അനുവദിക്കാത്ത, വലിയൊരു ജനവിഭാഗത്തിന് സംസാരിക്കാൻ അവസരം നൽകാത്ത ജനാധിപത്യം ദുർബലമായ ജനാധിപത്യമാണ്, അതാണ് ഇന്ത്യയിൽ നമുക്കുള്ളത്” രാഹുൽ തുടർന്നു.

ഇന്ത്യ-ഭാരത് പേര് മാറ്റ തർക്കത്തെ കുറിച്ചും രാഹുൽ സർവകലാശാലയിലെ തന്റെ പ്രസംഗത്തിനിടയിൽ സംസാരിച്ചു. പ്രധാനമന്ത്രി ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുകയാണെങ്കിൽ, പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയും അതിന്റെ പേര് മാറ്റുമെന്നും തുടർന്ന് പ്രധാനമന്ത്രിക്ക് വീണ്ടും രാജ്യത്തിന്റെ പേര് മാറ്റേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊലപാതകം വെച്ചുപൊറുപ്പിക്കില്ലെന്ന് ഇന്ത്യൻ ഗ്രൂപ്പിലെ ഓരോ വ്യക്തിയും സമ്മതിച്ചിട്ടുണ്ടെന്ന് രാഹുൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *