24 മണിക്കൂറിനിടെ 69,878 പേർക്ക് കൂടി കൊവിഡ്; കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,878 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 29,75,701 ആയി ഉയർന്നു
945 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. കൊവിഡ് മരണം 55,794 ആയി ഉയർന്നു. 6,93,300 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 22,22,577 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് ഉയരുന്നത് ഏറെ ആശ്വാസകരമാണ്
പത്ത് ലക്ഷത്തിൽ 2152 എന്ന നിലയിലാണ് രാജ്യത്തെ രോഗബാധാ നിരക്ക്. മരണനിരക്ക് 10 ലക്ഷത്തിൽ 40 ആണ്. കൊവിഡ് ബാധിച്ചവരിലെ മരണനിരക്ക് 1.87 ശതമാനമാണ്.
മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 14,161 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 9544 പേർക്കും കർണാടകയിൽ 7571 പേർക്കും തമിഴ്‌നാട്ടിൽ 5995 പേർക്കും രോഗം സ്ഥിരീകരിച്ചു