ബംഗാളില്‍ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി
കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് 10-ാം തീയതി മുതൽ കാണാതായ രാജ്ഗഞ്ച് സ്വദേശിയായ 16-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 10-ാം തീയതി മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ഓഗസ്റ്റ് 15-ാം തീയതിയാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. അന്നേദിവസം തന്നെ പ്രധാൻപാരയിലെ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾ നൽകിയ മൊഴിയനുസരിച്ച് സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തിയ പോലീസ് സംഘം മൃതദേഹം കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.