സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപിനെയും സ്വപ്‌നയെയും അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഓഗസ്റ്റ് ഒന്നാം തീയതി വരെ പ്രതികളെ കസ്റ്റംസിന് കസ്റ്റഡിയിൽ വെക്കാം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.
കേസിലെ പ്രതികളായ ഹംജദ് അലി, സംജു, മുഹമ്മദ് അൻവർ, ജിപ്‌സൽ, മുഹമ്മദ് അബ്ദു ഷമീം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം അഞ്ച് ദിവസത്തെ കസ്റ്റഡിയുടെ ആവശ്യമില്ലെന്നും എൻഐഎ കസ്റ്റഡിയിൽ ഉള്ളപ്പോൾ തന്നെ പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്തതാണെന്നും സ്വപ്‌നയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഇതെല്ലാം തള്ളി.