സനീഷിനെ മരത്തിൽ കെട്ടിയിട്ട ശേഷം വെട്ടിക്കൊന്നു; തടയാനെത്തിയവരെ ഇസ്മായിൽ വാൾ വീശി ഓടിച്ചു
തൃശ്ശൂർ കോടശ്ശേരിമലയിൽ സനീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയത് മരത്തിൽ കെട്ടിയിട്ട ശേഷം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമെന്ന് പോലീസ്. നായാടിക്കോളനയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്മായിൽ(38), ഇയാളുടെ ഭാര്യ നാഗമ്മയെന്ന സമീറ(22), ബന്ധു അസീസ്(27) എന്നിവരാണ് പിടിയിലായത്.
കൊല്ലപ്പെട്ട സനീഷും പ്രതിയായ ഇസ്മായിലും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കൂലിപ്പണിയും ഡ്രൈവറുമൊക്കെയായിരുന്നു സനീഷ്. കോളനിയിലെ നിത്യസന്ദർശകനാണ് ഇയാൾ. സംഭവ ദിവസം പ്രതികൾക്കൊപ്പം ഇരുന്ന് ഇയാൾ മദ്യപിക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രതികൾ ഒന്നിച്ചിരുന്ന് മദ്യപിച്ചത്. വൈകുന്നേരം ബഹളം കേട്ട് അയൽവക്കക്കാർ എത്തിയപ്പോൾ മൂന്ന് പ്രതികളും ചേർന്ന് സനീഷിനെ മരത്തിൽ കെട്ടിയിട്ട് വെട്ടുന്നതാണ് കെട്ടത്. തടയാൻ ശ്രമിച്ചവരെ ഇസ്മായിൽ വാൾ വീശി ഓടിക്കുകയും ചെയ്തു. ആംബുലൻസ് എത്തിച്ചെങ്കിലും ബോധമറ്റ് വീണ സനീഷിനെ ആശുപത്രിയിൽ കൊണ്ടുപോകാനും പ്രതികൾ സമ്മതിച്ചില്ല. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ സനീഷ് മരിച്ചു. പോലീസ് എത്തിയതോടെ രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടുകയും ചെയ്തു