‘പ്രധാനമന്ത്രി രാജ്യത്തില്ല, മോദിക്ക് സർവകക്ഷിയോഗം പ്രധാനമല്ലേ?’: മണിപ്പൂർ കലാപത്തിൽ രാഹുൽ
മണിപ്പൂർ കലാപത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ കലാപം മോദിയെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്ന് വിമർശനം. വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുമ്പോൾ, വർഗീയ സംഘർഷം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സർവകക്ഷിയോഗം വിളിച്ചതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.
കഴിഞ്ഞ 50 ദിവസമായി മണിപ്പൂരിൽ അശാന്തിയുടെ തീജ്വാല ആളിക്കത്തുകയാണ്. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നു. ഇപ്പോൾ പ്രധാനമന്ത്രി രാജ്യത്തില്ലാത്ത സമയത്താണ് സർവകക്ഷി യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ സർവകക്ഷിയോഗം മോദിയെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും രാഹുൽ കുറ്റപ്പെടുത്തടി. അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികൾ നിവേദനം സമർപ്പിച്ചു.
കോൺഗ്രസ്, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സിപിഐഎം, ശിവസേന തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്നും വെടിനിൽത്താൻ വേണ്ടത് ചെയ്യണമെന്നും പത്ത് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള സർക്കാരിൽ മണിപ്പൂരിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം അയച്ചിട്ടുണ്ട്. എട്ട് ബി.ജെ.പി എം.എൽ.എമാരും ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എൽ.എയുമാണ് നിവേദനം നൽകിയത്.