പ്രണയനൈരാശ്യം; പെൺകുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പൊലീസുകാരൻ ആത്മഹത്യ ചെയ്തു
പെൺകുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പൊലീസുകാരൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലാണ് സംഭവം. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ പെൺകുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.
ബെരാച്ച് പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മാലിഖേഡി ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബെരാച്ച് സ്റ്റേഷനിലെ കോൺസ്റ്റബിളായ സുഭാഷ് ഖരാദിയാണ് ആക്രമണത്തിന് പിന്നിൽ. പ്രണയം നിരസിച്ച പെൺകുട്ടിയെ സുഭാഷ് വെടിവച്ചു. തടയാൻ ശ്രമിച്ച പിതാവിനും വെടിയേറ്റു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിന് ശേഷം കോൺസ്റ്റബിൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.