Tuesday, April 15, 2025
National

വാണിജ്യ വാഹനങ്ങള്‍ക്ക് 5% വരെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടേഴ്‌സ്

വാണിജ്യ വാഹനങ്ങള്‍ക്ക് 5 ശതമാനം വരെ വില വര്‍ധന നടപ്പാക്കാനൊരുങ്ങി വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2023 ഏപ്രില്‍ ഒന്നുമുതലാണ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. ബിഎസ്6 ഫേസ് II എമിഷന്‍ മാനദണ്ഡങ്ങള്‍ കൂടുതലായി പാലിക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് കമ്പനി വിശദീകരണം.

ടാറ്റ മോട്ടേഴ്‌സ് സിവിയുടെ മുഴുവന്‍ ശ്രേണിയിലും വില വര്‍ധനവ് ബാധകമാകും. വാഹന പോര്‍ട്‌ഫോളിയോയില്‍ മാറ്റം കൊണ്ടുവരുന്നതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓഫറുകളും പ്രതീക്ഷിക്കാമെന്നാണ് കമ്പനി നല്‍കുന്ന സൂചന.

അതിനിടെ വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ പ്രഖ്യാപിച്ചതിനു പിന്നാലെ ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ടാറ്റയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടേഴ്‌സ് വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്.

ഓരോ മോഡലും ശ്രേണിയും അനുസരിച്ച് മുഴുവന്‍ വാഹനങ്ങള്‍ക്കും പുതിയ വിലവര്‍ധന ബാധകമാകും. ഫെബ്രുവരിയില്‍ ടാറ്റ മോട്ടേഴ്‌സിന്റെ ആഭ്യന്തര വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 36,565 യൂണിറ്റായിരുന്നു. മൊത്തവ്യാപാരത്തില്‍ 3 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ മൊത്തം വാഹന വില്‍പ്പന 77,733 യൂണിറ്റായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര മൊത്തവ്യാപാരം 90.8K യൂണിറ്റും ആഭ്യന്തര റീട്ടെയില്‍ 97.7K യൂണിറ്റുമായിരുന്നു. ആഗോള മൊത്തവ്യാപാരം 97.1K യൂണിറ്റുകള്‍ 6% കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *