അകമ്പടി വാഹനങ്ങള്‍ പകുതിയാക്കി, ഗതാഗതം നിര്‍ത്തിവയ്ക്കില്ല; ജനക്ഷേമ പ്രഖ്യാപനവുമായി മുഖ്യമന്ത്രി സ്റ്റാലിന്‍
ചെന്നൈ: അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയാക്കാനാണ് തീരുമാനം. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങള്‍ മൂലവും ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിര്‍ണായക പ്രഖ്യാപനം. വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 12ല്‍നിന്ന് ആറായി കുറയ്ക്കും. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടാവുക.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവാനായി ഇനി മുതല്‍ ഗതാഗതം നിര്‍ത്തിവയ്ക്കില്ല. വാഹനവ്യൂഹം മൂലം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന അസൗകര്യങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് തമിഴ്‌നാട് ചീഫ് സെക്രട്ടറി വി ഇരൈയന്‍മ്പ്, അഡീഷനല്‍ ചീഫ് സെക്രട്ടറി എസ് കെ പ്രഭാകര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഡിജിപി) സി ശൈലേന്ദ്ര ബാബു, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് ഡേവിഡ്‌സണ്‍ ദേവസീര്‍വതം എന്നിവര്‍ പങ്കെടുത്ത അവലോകന യോഗത്തിലാണ് സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.