അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; ടാറ്റ മെഗാ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം. ടാറ്റ ഗുജറാത്തിലെ മുന്ദ്രയിലെ മെഗാ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണിത്. പഞ്ചാബും ഗുജറാത്തും ഇവിടെ വൈദ്യുതി ഉല്‍പ്പാദനത്തിന് ചെലവാകുന്ന പണം മുഴുവന്‍ നല്‍കാമെന്ന് വാക്കുനല്‍കിയ സാഹചര്യത്തിലാണ് ടാറ്റ പ്രവര്‍ത്തനം തുടങ്ങിയത്.
ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന 1800 മെഗാവാട്ട് വൈദ്യുതി 4.50 രൂപ നിരക്കില്‍ ഗുജറാത്ത് സര്‍ക്കാര്‍ വാങ്ങും. നാലാഴ്ച മുന്‍പ് തീരുമാനിച്ച നിരക്കിലും കൂടുതലാണിത്. പഞ്ചാബ് 500 മെഗാവാട്ട് വൈദ്യുതി ദിവസം തോറും 5.5 രൂപാ നിരക്കിലാണ് വാങ്ങുക. ഒരാഴ്ചത്തേക്കാണിത്.
രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളും ഈ പ്ലാന്റിലൂടെ പ്രതിസന്ധി മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ടാറ്റയുടെ ഈ പ്ലാന്റിന് 4000 മെഗാവാട്ട് ശേഷിയുണ്ട്. മുന്ദ്രയില്‍ തന്നെ അദാനി ഗ്രൂപ്പിന്റെ അദാനി പവറിന് 3300 മെഗാവാട്ട് ശേഷിയുണ്ട്. ഇവരും സംസ്ഥാനങ്ങളോട് യഥാര്‍ത്ഥ ഉല്‍പ്പാദന വിലയില്‍ വൈദ്യുതി വില്‍ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മുന്ദ്രയില്‍ ടാറ്റയ്ക്ക് അഞ്ച് പ്ലാന്റുകളുണ്ട്.