Monday, January 6, 2025
Kerala

കാപികോ റിസോർട്ട് പൊളിച്ച് നീക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര യോഗം

ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ട് പൊളിച്ച് നീക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര യോഗം. അനധികൃതമായി നിർമിച്ച റിസോർട്ട് വേഗത്തിൽ പൊളിക്കണമെന്ന സുപ്രിം കോടതിയുടെ കർശന നിർദേശത്തിന് പിന്നാലെയാണ് യോഗം വിളിച്ചത്. ഈമാസം 28ന് മുമ്പ് പൊളിക്കൽ നടപടി പൂർത്തിയാക്കുമെന്ന് നോഡൽ ഓഫീസറായ സബ് കലക്ടർ പറഞ്ഞു.

തീര പരിപാലന നിയമം ലംഘിച്ച് പാണാവള്ളിയിൽ വേമ്പനാട്ട് കായലിൽ നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചുനീക്കാൻ 2020 ജനുവരിയിലാണ് സുപ്രിം കോടതി ഉത്തരവിട്ടത്. പൊളിച്ച് തുടങ്ങിയത് കഴിഞ്ഞ വർഷം സെപ്തംബറിൽ. ആറുമാസത്തിനുള്ളിൽ പൂർണമായും പൊളിച്ചുനീക്കാനായിരുന്നു നിർദേശം. ഇത് പാലിക്കാതെ വന്നതോടെയാണ് വീണ്ടും കോടതി ഇടപെട്ടത്. ഈ മാസം 28നുള്ളിൽ നടപടി പൂർത്തിയായില്ലെങ്കിൽ ചീഫ്‌ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നൽകി.
പിന്നാലെയാണ് ജില്ലാ ഭരണകൂടം യോഗം വിളിച്ചത്.

കായലിന് നടുവിലായതിനാൽ സ്ഫോടനത്തിലൂടെ റിസോർട്ട് പൊളിക്കാനാകില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തൊഴിലാളികളാണ് പൊളിക്കുന്നത്‌. കായൽ മലിനമാക്കരുതെന്ന് നിർദേശമുള്ളതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരീക്ഷണത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. മെല്ലെപ്പോക്കിന് കാരണം ഇതാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. 3 ദിവസങ്ങൾക്കകം റിസോർട്ട് പൂർണമായും പൊളിച്ചു നീക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *