മംഗളൂരു ഫാസിൽ കൊലപാതകം: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ
മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. കൊലപാതക സംഘം എത്തിയ കാർ ഓടിച്ചിരുന്നയാളാണ് പൊലീസ് പിടിയിലായത്. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ തുടരുകയാണ്. ദക്ഷിണ കന്നഡ ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ കേരള-കർണാടക അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
അതേസമയം സൂറത്കല്ലിൽ കൊല്ലപ്പെട്ട മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിലിന്‍റെ മൃതദേഹം ഖബറടക്കി. മംഗൽപ്പട്ടെ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ക്രമസമാധാനപാലനത്തിനായി രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പനമ്പൂർ, ബജ്പെ, മുൽകി, സൂറത്ത്കല്‍ എന്നീ സ്ഥലങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. രാത്രി 10 മണിക്ക് ശേഷം ആളുകൾ പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകി. രാത്രി 10 മണിക്ക് ശേഷം പുറത്തിറങ്ങുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.
വ്യാഴാഴ്ച രാത്രി സൂറത്കല്ലിലെ ഒരു ടെക്‌സ്‌റ്റൈൽ ഷോപ്പിന് പുറത്ത് നിൽക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന അക്രമി സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്‍റെ പിന്നാലെ എത്തിയ സംഘം പിന്തുടർന്ന് ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.