Saturday, October 19, 2024
National

കൊവിഡ് പോരാട്ടം; അടുത്ത മൂന്നാഴ്ച നിർണായകം: മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

 

ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത മൂന്നാഴ്ച നിർണായകമെന്ന് കേന്ദ്രസർക്കാർ. ഈ സാഹചര്യത്തിൽ മൂന്നാഴ്ചത്തേക്കുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് നിർദേശം നൽകി. വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവിമാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് കേന്ദ്ര നിർദേശം.

കോവിഡ് പോരാട്ടം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനൊപ്പം പുതിയ കോവിഡ് രോഗികളെ കണ്ടെത്താൻ കേന്ദ്രഭരണ പ്രദേശങ്ങൾ നടപടികൾ ഊർജിതമാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതിനായി പരിശോധനകൾ വർധിപ്പിക്കണം. റാപ്പിഡ് ആന്റിജൻ പരിശോധനയ്‌ക്കൊപ്പം ആർടിപിസിആർ പരിശോധനയുടെ എണ്ണവും വർധിപ്പിക്കണമെന്ന നിർദേശമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചത്.

ജനുവരി ഒന്നിന് പ്രതിദിനം 20,000 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ പ്രതിദിന കേസുകളുടെ എണ്ണം പത്തിരട്ടി വർധിച്ചെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അടുത്ത മൂന്നാഴ്ച നിർണയകമാണെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published.