Saturday, April 12, 2025
National

ഇനി കുതിച്ചുപായാം; നിറം മാറി കാവിയണിഞ്ഞ് വന്ദേഭാരത്; ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി

വന്ദേഭാരത് എക്സ്പ്രസ് ഇനി കാവി നിറത്തില്‍. രാജ്യത്ത് പുത്തൻ നിറത്തിൽ ട്രാക്കിലിറങ്ങുന്ന ഓറഞ്ച് വന്ദേ ഭാരതിന്‍റെ പരീക്ഷണ ഓട്ടം നടത്തി ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്). നിലവിലുള്ള നീല വെള്ള – കോംബിനേഷനിൽനിന്ന് വ്യത്യസ്തമായി ഓറഞ്ച് – ഗ്രേ നിറത്തിലുള്ള റേക്കാണ് ഇന്ത്യൻ റെയിൽവേ നിർമ്മിച്ചിരിക്കുന്നത്.

ഇന്നലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിക്കും പാഡി റെയിൽവേ മേൽപാലത്തിനും ഇടയിലാണ് പുതിയ വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ ഡിഡി ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യമായി കോച്ച് ഫാക്ടറിക്ക് പുറത്തിറക്കിയ ട്രെയിനിന്‍റെ ചിത്രങ്ങളും പുറത്തുവന്നു.

നിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരതുകളിൽ വെള്ള നിറം മൂലം പെട്ടെന്ന് പൊടി പിടിക്കുന്നതിനാലാണു പുതിയ നിറമാറ്റം എന്നാണ് അധികൃതർ പറയുന്നത്. 8 കോച്ചുകളുള്ള വന്ദേ ഭാരതാണ് ട്രാക്കിലിറക്കി പരീക്ഷിച്ചത്.

വന്ദേ ഭാരതിന്‍റെ പുതിയ ബാച്ചിൽ വരുത്തിയിട്ടുള്ള 25 സവിശേഷതകൾ പുറത്തിറങ്ങാനിരിക്കുന്ന ഓറഞ്ച് കളർ ട്രെയിനിലുമുണ്ട്. സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായിക്കാനുള്ള സൗകര്യം, മെച്ചപ്പെട്ട കുഷ്യനുകൾ, ഫൂട്ട് റെസ്റ്റിന്‍റെ നീളം, സീറ്റുകളുടെ നിറവ്യത്യാസം, വാഷ് ബേസിനിൽ വരുത്തിയ മാറ്റങ്ങൾ, മൊബൈൽ ചാർജിംഗ് പോയിന്‍റുകളിലെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഈ സെമി ഹൈസ്പീഡ് ട്രെയിനിലുമുണ്ട്.

നിലവിൽ രാജ്യത്ത് 25 റൂട്ടുകളിലാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, വിശാഖപട്ടണം, ലക്നൗ, ഭോപാൽ, മൈസൂരു, കോയമ്പത്തൂർ, തിരുവനന്തപുരം, ഗാന്ധി നഗർ, തിരുപ്പതി, ഹൗറ, ഷിർദി, ഗുവാഹട്ടി, ഡെറാഡൂൺ, ജയ്പുർ, ജോധ്പുർ, ന്യൂജൽപൈഗുഡി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വന്ദേ ഭാരത് സർവീസ് നിലവിലുണ്ട്.

ഐസിഎഫ് നിർമ്മിക്കുന്ന 33ാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ 31ാം വന്ദേ ഭാരതാണ് ഓറഞ്ച് നിറത്തിൽ ഇറങ്ങുന്നത് എന്നായിരുന്നു. നിലവിൽ നിറം മാറ്റമുള്ള ഒരു റേക്ക് മാത്രമേ റെയിൽവേ പുറത്തിറക്കിയിട്ടുള്ളൂ.പുതിയ വന്ദേ ഭാരതിന്‍റെ പുറത്തെ നിറം മാറിയതല്ലാതെ സ്പീഡിലും മറ്റുകാര്യങ്ങളിലൊന്നും മാറ്റങ്ങൾ വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *